കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥി ശ്രദ്ധയുടെ മരണത്തിൽ കാരണക്കാരയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം.
ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.
കോളജ് ഹോസ്റ്റലിൽ വച്ച് നടന്ന ആത്മഹത്യയ്ക്ക് അധികൃതർക്ക് യാതൊരു വിശദീകരണവും ഇല്ലെന്ന് വിദ്യാർഥികൾ പറയുന്നു. കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന് അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വെച്ചിരുന്നു. എച്ച്ഒഡിയുടെ റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന ശ്രദ്ധ ആത്മഹത്യ ചെയ്യുമെന്ന് സൂചന നൽകിയിരുന്നതായും വിദ്യാർഥികൾ പറയുന്നു.
ശ്രദ്ധയുടെ ആത്മഹത്യയിൽ കോളജിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു.
കോളജിന്റെ ലാബില്‍ വച്ച് ശ്രദ്ധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോണ്‍ പിടിച്ചുവെച്ചെന്നും തുടർന്ന് പെൺകുട്ടിയെ ശകാരിച്ചതായും കുടുംബം പറയുന്നു . ഫോണ്‍ തിരികെ കിട്ടണമെങ്കില്‍ എറണാകുളത്തുനിന്നും മാതാപിതാക്കള്‍ നേരിട്ട് കോളജിലെത്തണമെന്നും കോളജ് അധികൃതര്‍ പറഞ്ഞിരുന്നു.
തുടർന്ന് ഇവർ കുട്ടിയുടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയും ഫോൺ ഉപയോഗത്തിന്റെ കാര്യമുള്‍പ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. സെമസ്റ്റര്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയ്ക്ക് മാര്‍ക്ക് കുറവാണെന്ന് കാര്യവും കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് കോളജില്‍ അപമാനം നേരിടേണ്ടി വന്നുവെന്നും ഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതായി വിദ്യാർത്ഥികൾ ഉൾപ്പെടെ ആരോപിച്ചിട്ടും അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി വിദ്യാർത്ഥികളും രംഗത്തെത്തിയത്.
കോളേജിനു മുന്നിൽ വൻ പോലീസ് സന്നാഹമാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
There is no ads to display, Please add some