കോട്ടയം: എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ എക്സിക്യുട്ടീവ് എൻജിനീയർ കെ.കെ സോമനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ ആളോട് പ്രതി 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ ബാക്കി 10000 രൂപ ഇന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് സോമൻ ആവശ്യക്കാരനെ മടക്കി.
എന്നാൽ, ആവശ്യക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നൽകിയ 10000 രൂപയാണ് ഇന്ന് ഇയാൾ സോമന് നൽകിയത്. സോമൻ ഇത് കൈയ്യിൽ വാങ്ങി തന്റെ പേഴ്സിലേക്ക് വയ്ക്കുകയായിരുന്നു. ഉടൻ മറഞ്ഞുനിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. അറസ്റ്റും രേഖപ്പെടുത്തി.
