ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ.) തലവനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം റെയ്ഞ്ചേഴ്സ് അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്തെന്ന തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് സൂചന.
തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാൻ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടർന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
