തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽ മഴ കുറയും. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും.
ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല.
അതേസമയം ജലം പാഴാക്കാതെ ഉപയോഗിക്കാനുംവേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. വേനൽ ചൂട് ഉയരുമ്പോൾ നിർജലീകരണം തടയാനായി കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതേണ്ടതാണ്. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
