തൃശൂർ: ലോക ഫുട്ബോൾ ആരാധകരെ ആനന്ദ നൃത്തത്തിൽ ആറാടിച്ചു കൊണ്ട് ഈ വർഷത്തെ തൃശൂർ പൂരം കുടമാറ്റത്തിൽ തിരുവമ്പാടി വക ത്രില്ലർ.
തൃശൂര്‍ പൂരത്തില്‍ പൂരപ്രേമികള്‍ ആവേശത്തോടെ കാണുന്ന ഒന്നാണ് പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തുന്ന കുടമാറ്റം. ഇത്തവണയും ആ മത്സരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവമ്പാടി ഇക്കുറി ഒരു പടി മുന്നിൽ നിന്നു.
അത് മറ്റൊന്നുമല്ലായിരുന്നു ലോകകിരീടം നേടിയ മെസിക്കുള്ള സമർപ്പണവും തൃശൂർപൂരത്തിന് മലയാളികൾക്കുള്ള ആശംസയുമായിട്ടായിരുന്നു തിരുവമ്പാടിയുടെ കുട.
നെറ്റിപ്പട്ടവും ചൂടി വടക്കുനാഥക്ഷേത്രത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്ന കൊമ്പന്മാര്‍ക്ക് മുകളില്‍ ഇരുന്ന് മെസി വിശ്വകിരീടം ഉയര്‍ത്തി. മെസി ലോകകപ്പും കയ്യിലേന്തി നില്‍ക്കുന്ന ചിത്രം വന്നതോടെ ആരാധകർ മെസി എന്ന് ആർത്ത് വിളിച്ചു. ഒപ്പം എൽഇഡിയിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ആശംസകളും എന്ന് തെളിഞ്ഞതോടെ പൂരാസ്വാദകരും ഫുട്ബോൾ ആരാധകരും ആവേശത്തിന്റെ പരകോടിയിലെത്തി എന്ന് തന്നെ പറയാം.
കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിനും ശ്രീമൂലസ്ഥാനത്തെ മേളത്തിനുംശേഷം ഇരുവിഭാഗം തെക്കോട്ടിറങ്ങുമ്പോൾ തെക്കേ ഗോപുരനട ജനസാഗരമായിരുന്നു. തിരുവമ്പാടി വിഭാഗം 55 കുടകൾ വീതവും പാറമേക്കാവ് വിഭാഗം 48 കുടകൾ വീതവും ഉയർത്തി.
There is no ads to display, Please add some