ജമാഅത്തെ ഇസ്ലാമി വിവാ​​ദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു. ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ പോകുമെന്നും എകെ ബാലൻ പറഞ്ഞു. തന്നെ ന്യൂനപക്ഷവിരുദ്ധനാക്കാൻ ശ്രമിച്ചു. മതനിരപേക്ഷതയിൽ നിന്ന് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. നോട്ടീസിലെ എല്ലാം വസ്തുത വിരുദ്ധമാണ്.

60 വര്‍ഷമായി പൊതുപ്രവർത്തകനാണ്. പൊതുജീവിതത്തിൽ മതന്യൂനപക്ഷങ്ങളെ എതിർത്തിട്ടില്ല. മതേതരത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. ജമാഅത് അവരുടെ നയം വ്യക്തമാക്കിയ ശേഷമായിരുന്നു നോട്ടീസ് അയക്കേണ്ടിയിരുന്നത്. മത രാഷ്ട്ര വാദം ഉയർത്തുന്ന ജമാഅത് അവരുടെ നയം വ്യക്തമാക്കണം. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും ചെയ്തിട്ടില്ല എന്ന് മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടി നിലപാട് എടുത്തുവെന്നും എകെ ബാലൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വിഷയത്തെ ന്യായീകരിച്ച നടപടിയും എ കെ ബാലൻ എടുത്തുപറഞ്ഞു. മാധ്യമങ്ങള്‍ക്ക് നേരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മാധ്യമങ്ങൾ തെറ്റായ വ്യാഖ്യാനങ്ങൾ നൽകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാപരമായി ഞാൻ പറഞ്ഞതിൽ തെറ്റില്ല. ചെയ്‌തത്‌ പൊതുപ്രവർത്തകന്റെ കടമയാണ്. വർഗീയതക്കെതിരായ ആശയ പ്രചാരണം നടത്തുന്നത് തെറ്റല്ല. എനിക്ക്‌ നോട്ടീസ്‌ വരും മുൻപ് അത്‌ പരസ്യപ്പെടുത്തി. ഞാൻ പറഞ്ഞത് അപകീർത്തിപ്പെടുത്തലല്ലെന്നാണ് എകെ ബാലന്‍റെ വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *