കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങളുടെ കരട് റിപ്പോര്‍ട്ടിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.

വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക എന്നതാണ് ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ഈ വിഷയങ്ങള്‍ പഠിക്കാന്‍ നേരത്തെ എസ്.സി.ഇ.ആര്‍.ടി-യെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ഇതിനായി അംഗീകാരം ലഭിച്ച കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസിഇആര്‍ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *