കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിൻ്റെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച യോഗം നടന്നു.

കേരളത്തിൽ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അടക്കമുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ സാഹചര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്. 2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ്. മെയ് 2നായിരുന്നു വോട്ടെണ്ണൽ. ഇടതുമുന്നണിക്ക് രണ്ടാമൂഴം നൽകുന്നതായിരുന്നു 2021ലെ ജനവിധി.

