കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്. കാക്കൂർ സ്വദേശിനി ഹസ്നയുടെ ശബ്ദസന്ദേശമാണ് പുറത്തു വന്നത്. കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ഓഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്. കൊടി സുനിയുടെയും ഷിബുവിന്റെയും വിവരങ്ങൾ പുറത്ത് വിടുമെന്ന് ശബ്ദസന്ദേശത്തിൽ സൂചിപ്പിക്കുന്നു.
ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും യുവതിയുടെ ഓഡിയോയിലുണ്ട്. എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽമീഡിയയിലൂടെ പുറത്തുവിടും’- ശബ്ദസന്ദേശത്തിൽ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് 34കാരി ഹസ്നയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായിരുന്ന ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശി ആദിലിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഹസ്‌നയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. നിലത്ത് കാൽ തട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും വാതിൽ തുറന്നിട്ട നിലയിലായിരുന്നെന്നും വീട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു

