സംസ്ഥാന സര്‍ക്കാരിന്റെ സുവര്‍ണകേരളം ലോട്ടറി ടിക്കറ്റില്‍ അച്ചടിച്ചിരിക്കുന്ന ചിത്രം വിവാദത്തില്‍. ഹിന്ദുഐക്യവേദിയും ബിജെപിയുമാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിശ്വാസികളെ അധിക്ഷേപിച്ചിരിക്കുകയാണെന്നുമാണ് ആരോപണം.

ശിവലിംഗത്തിലേയ്ക്ക് ആര്‍ത്തവ രക്തം ഒഴുകുന്ന തരത്തിലുള്ള ചിത്രമാണ് ലോട്ടറിയിലുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷും ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍ വി ബാബുവും ആരോപിച്ചു. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരീസില്‍ 2026 ജനുവരി 2ന് നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇത്തരത്തിലൊരു ചിത്രം വന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് ഹിന്ദു ഐക്യവേദിയുടെ തീരുമാനമെന്നാണ് അറിയുന്നത്.

എന്നാല്‍ ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള ചിത്രമാണിതെന്നാണ് ലോട്ടറി വകുപ്പ് അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേം രാജ് സമകാലിക മലയാളത്തോടു പറഞ്ഞു. പ്രശ്‌നമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന്, വിശകലനം ചെയ്തതിന് ശേഷം മറുപടി പറയാമെന്ന് അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാരും നയിക്കുന്ന പാര്‍ട്ടിയും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം നടപടികളില്‍ കൈയടിക്കുന്ന മാനസിക രോഗികളുടെ പിന്തുണയാവാം സര്‍ക്കാരിന്റെ പ്രചോദനം. സനാതന ധര്‍മ്മത്തെ ഏത് വിധേനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടിത ആക്രമണമാണ് ഇക്കാലയളവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു സമൂഹം കണ്ണുതുറക്കാന്‍ തയ്യാറല്ലങ്കില്‍ അത് ആത്മനാശമാണ് വരുത്തി വക്കുന്നതെന്നും കുറിപ്പിലുണ്ട്. ഹിന്ദുവിനെയും, ഹിന്ദുമത വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കാറായില്ലേ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പ്രതികരിച്ചു.

ലൈംഗിക വൈകൃതങ്ങള്‍ സംസ്‌കാരമായി പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റ് തലച്ചോറുകള്‍ തച്ചുടയ്ക്കേണ്ട കാലം കഴിഞ്ഞു. അയ്യപ്പന്റെ മുതല്‍ കട്ടുതിന്നുന്ന പിണറായിയും കൂട്ടരും ഇപ്പോള്‍ സുവര്‍ണ്ണ കേരളം എന്ന പേരില്‍ ഇറക്കിയ ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്ത്തുന്ന ലൈംഗിക ആഭാസം ചിത്രീകരിച്ചു വിശ്വാസികളെ അധിഷേപിച്ചിരിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.

എസ് സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്മ

മതം ഏതായാലും വിശ്വാസം അപമാനിക്കപ്പെടരുത്.

ഇത് എന്താണ്….?

ഹിന്ദുവിനെയും, ഹിന്ദുമത വിശ്വസങ്ങളെയും അധിക്ഷേപിക്കുന്നത്. അവസാനിപ്പിക്കാറായില്ലേ..??

ലൈംഗിക വൈകൃതങ്ങള്‍ സംസ്‌ക്കാരമായി പ്രകടിപ്പിക്കുന്ന കമൂണിസ്റ്റ് തലചോറുകള്‍ തച്ചുടയ്ക്കേണ്ട കാലം കഴിഞ്ഞു……

അയ്യപ്പന്റെ മുതല്‍ കട്ട് തിന്നുന്ന പിണറായിയും കൂട്ടരും ഇപ്പോള്‍ സുവര്‍ണ്ണ കേരളം എന്ന പേരില്‍ ഇറക്കിയ ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്ത്തുന്ന ലൈംഗികആഭാസം ചിത്രീകരിച്ചു വിശ്വാസികളെ അധിഷേപിച്ചിരിക്കുന്നു. ഇതില്‍ പ്രതിഷേധിക്കുക.

ആര്‍ വി ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ ഒരു കോടി രൂപയുടെ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തമൊഴുക്കുന്ന ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഈ സര്‍ക്കാരും ഈ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണ്. ഇത്തരം നടപടികളില്‍ കൈയ്യടിക്കുന്ന മാനസീക രോഗികളുടെ പിന്തുണയാവാം സര്‍ക്കാരിന്റെ പ്രചോദനം. സനാതന ധര്‍മ്മത്തെ ഏത് വിധേനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടിത ആക്രമണമാണ് ഇക്കാലയളവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് . ഹിന്ദു സമൂഹം കണ്ണ് തുറക്കാന്‍ തയ്യാറല്ല എങ്കില്‍ അത് ആത്മനാശമാണ് വരുത്തി വക്കുക .

Leave a Reply

Your email address will not be published. Required fields are marked *