പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് പൊങ്കാല. വ്യാഴാഴ്ച രാവിലെ 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയെ തുടര്‍ന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്നും ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി കെടാ വിളക്കിലേക്ക് ദീപം പകരും. ശേഷം നടപ്പന്തലില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്‌നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൊങ്കാലനേദ്യത്തിനുശേഷം ദിവ്യാഅഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ കാര്‍മ്മിക നേതൃത്വത്തില്‍ രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗ്ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന് 500- ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും.

വൈകിട്ട് അഞ്ചിന് സാംസ്‌കാരികസമ്മേളനം മന്ത്രി സജിചെറിയാന്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പ്രോജ്വലിപ്പിക്കും. വളരെ പൊക്കമുള്ള തൂണില്‍ അനേകം വാഴക്കച്ചിയും തണുങ്ങും പൊതിഞ്ഞുകെട്ടി പഴയോലകളും ഇലഞ്ഞിത്തൂപ്പും പടക്കവും പഴയ ഉടയാടകളും കെട്ടിത്തൂക്കി തയ്യാറാക്കുന്ന സ്തംഭമാണ് കാര്‍ത്തിക സ്തംഭം. ഇതിനെ തിന്മയുടെ പ്രതീകമായി കണക്കാക്കുന്നു. നാട്ടിലെ സകല പാപങ്ങളും കാര്‍ത്തിക സ്തംഭത്തിലേക്ക് ആവാഹിക്കുന്നു എന്നാണ് വിശ്വാസം. സന്ധ്യയാകുന്നതോടുകൂടി ദേവിയെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് തിരിച്ച് നടപ്പന്തലില്‍ കിഴക്കോട്ടഭിമുഖമായി ഇരുത്തുന്നു. ദേവിയുടെ സാന്നിധ്യത്തില്‍ കാര്‍ത്തിക സ്തംഭം എരിഞ്ഞമരുന്നതോടൊപ്പം ക്ഷേത്രവും പരിസരവും നന്മയുടെ ദീപങ്ങളാല്‍ അലംകൃതമാകുന്നു എന്നാണ് വിശ്വാസം. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേല്‍ശാന്തി അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി, മീഡിയ കോഓര്‍ഡിനേറ്റര്‍ അജിത്ത്കുമാര്‍ പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.

പൊങ്കാല ദിനമായ ഡിസംബര്‍ നാലിന് (വ്യാഴം) ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി നല്‍കി ആലപ്പുഴ ജില്ലാ കലക്ടര്‍ ഉത്തരവായി. തിരുവല്ല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായും വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷയ്ക്ക് അവധി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *