തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ചു. നേരത്തെ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിൽ ജൂറി ചെയർമാൻ്റെ അസൗകര്യം പരിഗണിച്ചാണ് തീയതി മാറ്റിയിരിക്കുന്നത്. നവംബർ 3ന് തൃശൂരിൽ വെച്ച് അവാർഡ് പ്രഖ്യാപിക്കും എന്നാണ് വിവരം.
പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍ കൂടി സംസ്ഥാന പുരസ്കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
കിഷ്കിന്ധ കാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിലും അവസാന റൗണ്ടിൽ മമ്മൂട്ടി ഉണ്ടായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കഴിഞ്ഞ വർഷത്തെ 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനുള്ള കാറ്റഗറിയിൽ മമ്മൂട്ടി മത്സരിച്ചിരുന്നു. കാതൽ എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ അവസാന റൗണ്ട് വരെ എത്തിച്ചത്. അതിന് മുൻപത്തെ 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനായത് മമ്മൂട്ടി ആയിരുന്നു.
നൻപകൽ നേരത്ത് മയക്കത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. ന്നാ താൻ കേസ് കൊടിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും മമ്മൂട്ടിയ്ക്കൊപ്പം അന്ന് ഫൈനൽ റൗണ്ട് വരെ ഉണ്ടായിരുന്നു. ഒടുവിൽ അന്ന് കുഞ്ചാക്കോ ബോബന് സ്പെഷ്യൽ ജൂറി പുരസ്കാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

