കടയിലെത്തി ഭക്ഷണം കഴിച്ച് സാധനങ്ങളുമെടുത്ത് പണം നല്‍കാതെ മുങ്ങിയ യുവാവിനെ കണ്ടുപിടിച്ച് കടയുടമയുടെ ആദരം! തട്ടിപ്പ് പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കടയുടമ ആളെ കണ്ടെത്തി ‘മീശമാധവന്‍’ പുരസ്‌കാരം നല്‍കി ആദരിച്ചത്. കടയ്ക്കാവൂര്‍ ആദിത്യ ബേക്കറി ഉടമ അനീഷാണ് തന്നെ പറ്റിച്ച വിരുതനോടു വ്യത്യസ്തമായ രീതിയില്‍ പകരം ചോദിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായി. ബുധനാഴ്ച രാത്രിയാണ് സംഭവം. എട്ട് മണിയോടെ കടയിലെത്തിയ യുവാവ് ഇവിടെ നിന്നു ഭക്ഷണം കഴിയ്ക്കുകയും പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി സാധനങ്ങളെടുക്കുകയും ചെയ്തു. ഒന്നിനും പണം നല്‍കാതെ മുങ്ങുകയും ചെയ്തു.

ഇവിടെയുണ്ടായിരുന്ന മറ്റാളുകളാണ് ഇക്കാര്യം ഉടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സിസിടിവി പരിശോധിച്ച് ആളെ കണ്ടെത്തി. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതോടെ ആളെ തിരിച്ചറിഞ്ഞു.

തുടര്‍ന്നു അനീഷ് ഭാര്യയുമൊത്ത് യുവാവിന്റെ വീട്ടിലെത്തി പൊന്നാടയണിയിച്ച്, മീശമാധവന്‍ പുരസ്‌കാരവും സമ്മാനിച്ചു. എന്താണ് സംഭവിക്കുന്നതെന്നു യുവാവിനു ആദ്യം മനസിലായില്ല. അതിനാല്‍ തന്നെ പുരസ്‌കാരം കക്ഷി ഇരു കൈയും നീട്ടി വാങ്ങുകയും ചെയ്തു.

തനിക്ക് അബദ്ധം പറ്റിയതാണെന്നു യുവാവ് പിന്നീട് അനീഷിനോടു പറയുന്നുണ്ട്. സാരമില്ലെന്നു അനീഷ് യുവാവിനെ ആശ്വസിപ്പിക്കുന്നു. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *