ഭര്‍തൃമതിയായ യുവതിയും ആണ്‍ സുഹൃത്തുമായുള്ള രാത്രികാല സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ഷമല്‍ (21), നടുവില്‍ ടെക്നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയും ഷമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു മര്‍ദന കേസില്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇയാളുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. യുവതിയുടെ ആണ്‍ സുഹൃത്തായ ആലക്കോട് സ്വദേശി ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ഷമലും ഒളിച്ചിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ രാത്രി കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയില്‍നിന്നു പണം വാങ്ങി.

ഇതിനു ശേഷം ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും മായ്ച്ചു കളഞ്ഞുവെന്ന് പറഞ്ഞു. എന്നാല്‍ വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇതും കൂടാതെ രഹസ്യമായി സൂക്ഷിച്ച വീഡിയോ സുഹൃത്ത് ലത്തീഫിനും നല്‍കി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്ന് കുടിയാന്‍മല പൊലീസ് അറിയിച്ചു. അറസ്റ്റു രേഖപ്പെടുത്തിയതിനു ശേഷം പ്രതികളെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *