ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ ഓഗസ്റ്റ് 27നാണ് വിനായകചതുർഥി. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്.

വിനായക ചതുർഥി ഐതിഹ്യം ഗണേശന്റെ ജനനത്തിനു പിന്നിലെ കഥ ഇങ്ങനെയാണ്. ഒരിക്കൽ പാർവതിദേവി കുളിക്കാനായി പോയപ്പോൾ കാവൽ ഗണപതിയെ ഏൽപ്പിക്കുകയും ആരെയും അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പരമശിവൻ അവിടേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ ഗണപതി അദ്ദേഹത്തെ തടഞ്ഞു. തുടർന്ന് കോപിഷ്ഠനായ ശിവൻ ഗണപതിയുടെ തല വെട്ടി മാറ്റി. ഇത് പാർവതിയെ വളരെയധികം വേദനിപ്പിച്ചു, ഗണേശനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് ദേവി നിർബന്ധിച്ചു.

ഗണപതിയെ ജീവിപ്പിക്കാനായി ബ്രഹ്‌മാവ് ആനയുടെ തല ശരീരത്തിൽ വച്ചുപിടിപ്പിച്ചു. അങ്ങനെയാണ് ആനയുടെ തലയുള്ള ദേവനായി മാറിയത് .ഈ രൂപം ഗണേശന്റെ ഒരു മുഖമുദ്രയായി. വിനായകചതുർഥി ഗണപതി ഭഗവാന്റെ പുനർജന്മത്തെ അനുസ്മരിക്കാനും സന്തോഷിക്കാനുമുള്ള ദിവസമാണ്.ഗണേശനോടുള്ള ഭക്തി പ്രകടിപ്പിക്കാനും അദ്ദേഹത്തിന്റെ അനുഗ്രഹം തേടാനുമുള്ള അവസരം ഇത് നൽകുന്നു, പഴവങ്ങാടി, കൊട്ടാരക്കര, മള്ളിയൂർ, ഇടപ്പള്ളി എന്നിവയാണ് കേരളത്തിലെ പ്രസിദ്ധമായ ഗണപതി ക്ഷേത്രങ്ങൾ. ഇവിടെയും മറ്റനേകം ക്ഷേത്രങ്ങളിലും വിനായക ചതുർഥി വിശേഷമായി കൊണ്ടാടുന്നു. ഗണപതിയുടെ ജന്മദിനമാണ് ഈ ദിവസമെന്നും വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *