കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ വീട്ടിലെത്തി മന്ത്രി വി എന്‍ വാസവന്‍. താത്ക്കാലിക ധനസഹായമായ അന്‍പതിനായിരം രൂപയുടെ ചെക്ക് കൈമാറി. മകളുടെ ചികിത്സാ കാര്യത്തിലും മന്ത്രി ഉറപ്പു നല്‍കി.
മന്ത്രിക്കൊപ്പം ജില്ലാ കളക്ടറും ഉണ്ടായിരുന്നു. ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
മകന് താത്ക്കാലിക ജോലി ഉടന്‍ നല്‍കും. സ്ഥിരം ജോലിയുടെ കാര്യം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനെതിരായ പ്രചാരണം ശരിയല്ല. അദ്ദേഹത്തിനെതിരായ മോശം പ്രചാരണം അത് നടത്തുന്ന സംഘടനകളുടെ രീതിയായിരിക്കും. വലിയ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ആളാണ് ഡോ. ജയകുമാറെന്നും മന്ത്രി പറഞ്ഞു.