കേവലം രണ്ടായിരം രൂപയ്ക്ക് ഉടമ പോലും അറിയാതെ വാഹനത്തിന്റെ ഉടമാവകാശം മാറ്റുന്ന തട്ടിപ്പുസംഘം സംസ്ഥാനത്ത് സജീവം. ഇരുചക്രവാഹനങ്ങള് മുതല് കോടികള് വിലയുള്ള ആഡംബര കാറുകള്വരെ ഇത്തരത്തില് ഉടമയറിയാതെ ഉടമാവകാശം മാറ്റുന്ന തട്ടിപ്പാണ് സംസ്ഥാനത്തെ പല ജില്ലകളിലും നടക്കുന്നത്.

കോട്ടയത്തും എറണാകുളത്തും മലപ്പുറത്തുമാണ് ഇത്തരം തട്ടിപ്പ് കണ്ടെത്തിയത്. മറ്റു ജില്ലകളിലും സമാനതട്ടിപ്പുകള് നടക്കുന്നതായും മോട്ടോര്വാഹനവകുപ്പ് ഉദ്യോഗസ്ഥര് സംശയിക്കുന്നു. വാഹൻ ഡാറ്റാ ബേസിലുള്ള ഉടമയുടെ മൊബൈല് നമ്ബരിനു പകരം മറ്റൊരു നമ്ബര് ചേര്ക്കുകയും ഒ.ടി.പി എടുത്ത് ഉടമ അറിയാതെ മറ്റൊരാളുടെ പേരിലേക്ക് വാഹനത്തിന്റെ ആര്.സി മാറ്റുകയാണ് തട്ടിപ്പുകാര് ചെയ്യുന്നത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലും എറണാകുളത്ത് മൂവാറ്റുപുഴയിലും മലപ്പുറത്തുമാണ് ഇത്തരത്തിലുള്ള തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്.

2,000 രൂപ കൊടുത്താല് വാഹന് ഡാറ്റാ ബേസില് ഏതു മൊബൈല് നമ്ബരും ഇടനിലക്കാര് മാറ്റിത്തരും. ഡ്രൈവിങ് സ്കൂളുകളുമായും സെക്കന്ഡ് ഹാന്ഡ് വാഹനങ്ങള് വില്ക്കുന്ന സ്ഥാപനങ്ങളുമായും ബന്ധമുള്ള ഇടനിലക്കാരാണ് തട്ടിപ്പിനു പിന്നില്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങള് വഴി ഉയര്ന്ന പലിശയ്ക്ക് വാഹനവായ്പ എടുക്കുന്നവരുടെ വാഹനങ്ങളുടെ ഉടമാവകാശമാണ് പ്രധാനമായും ഇത്തരത്തില് മാറ്റുന്നത്.

മാസത്തവണ മുടങ്ങിയാല് ധനകാര്യ സ്ഥാപനം പിടിച്ചെടുക്കുന്ന വാഹനങ്ങള് സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റിയ ശേഷം ലേലത്തില് വില്ക്കണം എന്നതാണ് നിയമം. എന്നാല്, ചില ധനകാര്യസ്ഥാപനങ്ങള് പിടിച്ചെടുക്കുന്ന വാഹനങ്ങള് ലേലത്തിന് വയ്ക്കാതെ മറിച്ചുവില്ക്കുക പതിവാണ്. ഇങ്ങനെ മറിച്ചുവില്ക്കുന്ന വാഹനങ്ങളുടെ ആര്.സിയാണ് ആര്.ടി ഓഫിസുമായി ബന്ധമുള്ള ഇടനിലക്കാര് വഴി മാറ്റുന്നത്.

കഴിഞ്ഞദിവസം പാലായില് ഇത്തരത്തില് തട്ടിപ്പു നടന്നപ്പോള് യഥാര്ഥ ഉടമ ട്രാന്സ്പോര്ട്ട് കമ്മിഷണര്ക്ക് പരാതി നല്കിയെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. പാലാ രജിസ്ട്രേഷനുള്ള സ്വകാര്യ ബസ് ഇടനിലക്കാര്വഴി തൃപ്പൂണിത്തുറ സ്വദേശിക്ക് വില്ക്കുകയായിരുന്നു. വില്‍പ്പനത്തുകയില് തര്ക്കം വന്നപ്പോള് വിറ്റയാള് ഫോണില് വന്ന ഒ.ടി.പി ബസ് വാങ്ങിയയാള്‍ക്ക് കൊടുത്തില്ല. ഇതോടെ ഇടനിലക്കാരന് വഴി വാഹന് ഡാറ്റാ ബേസില് മൊബൈല് നമ്ബര് മാറ്റി തൃപ്പൂണിത്തറ സ്വദേശി ബസിന്റെ ആര്.സി തന്റെ പേരിലാക്കി. വിവരം അറിഞ്ഞ പാലാ സ്വദേശി ഇക്കാര്യം തൃപ്പൂണിത്തുറ ആര്.ടി ഓഫിസില് അറിയിച്ചു.

അവിടത്തെ ഉദ്യോഗസ്ഥര് പുതിയ ഉടമയുടെ അപേക്ഷ ബ്ലോക്ക് ചെയ്ത് വിവരം ട്രാന്സ്പോര്ട്ട് കമ്മിഷണറെയും അറിയിച്ചു. ഗൗരവമേറിയ വിഷയമായിട്ടും ഇക്കാര്യത്തില് കൂടുതല്‍ അന്വേഷണം നടത്താനോ കുറ്റക്കാര്ക്കെതിരേ നടപടിയെടുക്കാനോ ഗതാഗതവകുപ്പ് അമാന്തം കാണിക്കുകയാണ്. മറ്റു ജില്ലകളിലും ഇത്തരത്തില് തട്ടിപ്പുകള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ടെങ്കിലും കാര്യമായ അന്വേഷണമോ വാഹൻ സോഫ്റ്റ് വെയറിന്റെ അപാകം പരിഹരിക്കാനുള്ള നടപടിയോ ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *