രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ റെയില്‍വേ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തുടനീളമുള്ള തിരക്കേറിയ 60 സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കുംഭമേളയോടനുബന്ധിച്ച്‌ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയില്‍വേ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ പൂര്‍ണമായ പ്രവേശന നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.

മാത്രമല്ല യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഫുട്‌ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണം, വാര്‍ റൂമുകള്‍ സ്ഥാപിക്കല്‍, നൂതന ആശയവിനിമയ സംവിധാനങ്ങളുടെ വിന്യാസം തുടങ്ങിയവയ്ക്കും അംഗീകാരം നല്‍കി. ഏതൊക്കെയാണ് ആദ്യഘട്ടത്തിലുള്ള 60 റെയില്‍വേ സ്‌റ്റേഷനുകളെന്ന വിവരം പുറത്തുവിട്ടിട്ടില്ല. പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വരാണസി, അയോധ്യ, പട്‌ന സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

പ്രധാന മാറ്റങ്ങള്‍:

ഇനി മുതല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ എത്തിയാല്‍ മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കൂ. എന്നാല്‍ റിസര്‍വ് ചെയ്ത കണ്‍ഫേം ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമുകളില്‍ പ്രവേശനം ഉണ്ടായിരിക്കും. കണ്‍ഫേം ടിക്കറ്റ് ഇല്ലാത്തതോ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളതോ ആയ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് തയ്യാറാക്കുന്ന കാത്തിരുപ്പ് കേന്ദ്രങ്ങളിലാകും വെയിറ്റ് ചെയ്യേണ്ടത്. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ അനിയന്ത്രിത പ്രവേശവഴികളും അടച്ചിടുകയും ചെയ്യും.

സ്റ്റേഷന്‍ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഡയറക്ടര്‍മാരായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യസിക്കും. സ്റ്റേഷന്‍ പ്രവർത്തനങ്ങളുടെ മെച്ചപ്പെടുത്തലുകള്‍ക്കായി ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ ഉദ്യോഗസ്ഥര്‍ക്ക് സാമ്ബത്തിക സ്വയംഭരണം നല്‍കും. മറ്റൊരു നിര്‍ണായക പരിഷ്‌കാരം ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടതാണ്, സ്റ്റേഷന്റെ ശേഷിയും ലഭ്യമായ ട്രെയിന്‍ സേവനങ്ങളും അടിസ്ഥാനമാക്കി ടിക്കറ്റ് വില്‍പ്പന നിയന്ത്രിക്കാന്‍ സ്റ്റേഷന്‍ ഡയറക്ടര്‍മാര്‍ക്ക് അധികാരം നല്‍കാനാണ് തീരുമാനം.

പുതിയ ഡിസൈന്‍ സ്‌പെസിഫിക്കേഷനുകള്‍ അനുസരിച്ച്‌ 12 മീറ്റര്‍, ആറ് മീറ്റര്‍ വീതികളിലുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സ്ഥാപിക്കും. ഇത്തരം ഫൂട്ട് ഓവര്‍ ബ്രിഡ്ജുകള്‍ കുംഭമേളയില്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് കണ്ടെത്തലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

സ്റ്റേഷന്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, സ്റ്റേഷന്‍ പരിസരങ്ങളില്‍ തത്സമയ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. കൂടാതെ ആശയവിനിമയ സംവിധാനങ്ങളും കൂടുതല്‍ നൂതനമാക്കും. തിരക്കേറിയ സ്റ്റേഷനുകളില്‍ വാക്കി-ടോക്കികള്‍, പൊതു അറിയിപ്പ് സംവിധാനങ്ങള്‍, കോളിംഗ് നെറ്റ്വര്‍ക്കുകള്‍ എന്നിവ സജ്ജീകരിക്കും. അടിയന്തര ഘട്ടങ്ങളില്‍ അംഗീകൃത വ്യക്തികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് ഉറപ്പാക്കാന്‍ റെയില്‍വേ ജീവനക്കാര്‍ക്കും സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും പുതുതായി രൂപകല്‍പ്പന ചെയ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *