മതവിദ്വേഷ പരാമർശത്തിൽ മുൻകൂർ ജാമ്യം തേടിയ പിസി ജോർജിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരത്തിൽ പ്രസ്‌താവനകൾ പുറപ്പെടുവിക്കരുത് എന്നതുൾപ്പെടെ മുമ്പ് ജാമ്യം നൽകിയപ്പോൾ ചുമത്തിയ വ്യവസ്ഥകളുടെ ലംഘനമാണ് പിസി ജോർജ് നടത്തിയിരിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ എല്ലാവരും കോടതി ഉത്തരവുകൾ ലംഘിച്ചാൽ എന്തുചെയ്യും? പിസി ജോർജ് പത്ത് നാൽപ്പത് കൊല്ലമായി പൊതുപ്രവർത്തകനും എംഎൽഎയുമൊക്കെ ആയിരുന്നില്ലേ? അത്തരമൊരാൾ എങ്ങനെയാണ് കോടതി ഉത്തരവ് ലംഘിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ ജാമ്യാപേക്ഷയിൽ ബുധനാഴ്‌ച വിധി പറയാമെന്ന് വ്യക്തമാക്കി.

ടെലിവിഷൻ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശം പിസി ജോർജ് അബദ്ധത്തിൽ പറഞ്ഞുപോയതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അപ്പോൾ തന്നെ മാപ്പും പറഞ്ഞു. മാത്രമല്ല, മുൻ ജാമ്യ ഉത്തരവ് ലംഘിച്ചിട്ടില്ല. പ്രസ്‌താവനയോ പ്രസംഗമോ നടത്തരുത് എന്നാണ് മുൻ ഉത്തരവിൽ പറയുന്നത്. ഇത് ടെലിവിഷനിലെ ഒരു ചർച്ചയ്‌ക്കിടെ പ്രകോപിതനായപ്പോൾ അബദ്ധത്തിൽ പറഞ്ഞു പോയതാണെന്നും അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും അഭിഭാഷകൻ വാദിച്ചു.

എന്നാൽ, പിസി ജോർജ് തുടർച്ചയായി ഇത്തരം പ്രസ്‌താവനകൾ നടത്തുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2022ൽ ഹൈക്കോടതി മറ്റൊരു വിവാദമായ കേസിൽ ജാമ്യം നൽകിയപ്പോൾ ഇത്തരം പ്രസ്‌താവനകൾ നടത്തരുതെന്ന് നിർദേശിച്ചിരുന്നു. അതിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. കോടതി ഉത്തരവുകൾ ലംഘിച്ചാലും പ്രശ്‌നമില്ല എന്ന തരത്തിലാണ് പിസി ജോർജ് പെരുമാറുന്നതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇതോടെ കേസിന്റെ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ജാമ്യവ്യവസ്ഥകൾ ലംഘിച്ചത് ഗൗരവപ്പെട്ട കാര്യം തന്നെയാണെന്ന് ചൂണ്ടിക്കാട്ടി. പിസി ജോർജ് ഒരു സാധാരണക്കാരനല്ല. ഇത്ര കാലത്തെ പരിചയ സമ്പത്തുള്ള ആളാണ്. ഇനിയും ഇത്തരം കാര്യങ്ങൾ പറയില്ല എന്ന് എന്താണുറപ്പ്? ജാമ്യവ്യസ്ഥ ലംഘിക്കാം,

കോടതി ഒന്നും ചെയ്യില്ല എന്നല്ലേ ഇതെല്ലാം കാണുന്ന ജനങ്ങൾക്ക് തോന്നൂ. അവരും നാളെ ഇത്തരത്തിലുള്ള പ്രസ്‌താവനകൾ നടത്തിയാൽ എന്താകും സ്ഥിതിയെന്നും കോടതി ചോദിച്ചു. ഇതോെടയാണ് ഇക്കാര്യം പറഞ്ഞിട്ടും നാട്ടിൽ മോശമായി ഒന്നും സംഭവിച്ചില്ലെന്നും ആളുകൾ ചിരിച്ചു കളയുകയാണ് ചെയ്തത് എന്നും അഭിഭാഷകൻ പരാമർശിച്ചത്. തുടർന്നാണ് ഉത്തരവ് പ്രഖ്യാപിക്കാനായി ബുധനാഴ്‌ചത്തേക്ക് മാറ്റിയത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *