കോട്ടയം: ലക്ഷങ്ങള്‍ മുടക്കി വീടിനു മുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ആയിരക്കണക്കിനു കുടുംബങ്ങള്‍ക്കു നെറ്റ് മീറ്റര്‍ വതരണം ചെയ്യാതെ വലച്ച കെ.എസ്.ഇ.ബി. ഒടുവില്‍ മുട്ടുമടക്കി. മൂന്നു മാസമായി തുടരുന്ന മീറ്റര്‍ ക്ഷാമം പരിഹരിക്കാനായി 37500 നെറ്റ് മീറ്ററുകളാണ് കെ.എസ്.ഇ.ബി. എത്തിക്കുക.
ഇതില്‍ 10,000 സിംഗിള്‍ ഫേസും 27,500 ത്രീ ഫേസുമാണ്. ആദ്യഘട്ടമെന്നോണം 3740 സിംഗിള്‍ ഫേസ് ഉപഭോക്താക്കള്‍ക്കും 13 ത്രീ ഫേസ് ഉപഭോക്താക്കള്‍ക്കുമാണ് മീറ്റര്‍ നല്‍കുക. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവീടുകളിലും നെറ്റ് മീറ്ററുകള്‍ സ്ഥാപിച്ച് കെഎസ്‌ഇബിയുടെ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്.

ഇതോടൊപ്പം പുതുതായി പി.എം. സൂര്യഘര്‍ പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് നെറ്റ് മീറ്റര്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. 93,000 സിംഗിള്‍ ഫേസ് മീറ്റുകളും 45,000 ത്രീഫേസ് മീറ്ററുകളും വാങ്ങുന്നതിനാണ് ടെണ്ടര്‍. സിംഗിള്‍ ഫേസ് ഉപഭോക്താക്കളാണ് കൂടുതല്‍.
കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന മീറ്ററുകള്‍ക്ക് സിംഗിള്‍ ഫേസിന് ഓരോ ബില്ലിലും 30 രൂപയും ത്രീ ഫേസിന് 35 രൂപയും വാടക നല്‍കിയാല്‍ മതി. മീറ്ററുകള്‍ക്ക് ആജീവനാന്ത വാറന്റിയുണ്ട്. പുറത്തുനിന്ന് മീറ്റര്‍ വാങ്ങാന്‍ സിംഗിള്‍ ഫേസിന് 4000 രൂപയും ത്രീ ഫേസിന് 7,500 രൂപയുമാണ് ചെലവ്. എന്നാല്‍, 5 വര്‍ഷത്തെ വാറന്റി മാത്രമാണുള്ളത്. കലാവധി കഴിഞ്ഞു കേടായാല്‍ വീണ്ടും പണം മുടക്കണം.
മാസങ്ങളായി തുടരുന്ന മീറ്റര്‍ ക്ഷാമം കാരണം കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെ സ്വന്തമായി മീറ്റര്‍ വാങ്ങി വച്ചവരും ഏറെ. വൈകാതെ പുതിയ സ്മാര്‍ട് മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു കെ.എസ്.ഇ.ബി. തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ വാങ്ങിയ മീറ്റര്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. ഈ അവ്യക്തതകള്‍ കാരണം പുറത്തുനിന്നു മീറ്റര്‍ വാങ്ങാതെ കെ.എസ്.ഇ.ബിയുടെ മീറ്ററിനു കാത്തിരിക്കുന്നവരാണ് കൂടുതലും.
നെറ്റ് മീറ്റര്‍ സ്ഥാപിച്ച ശേഷമേ ഓണ്‍ ഗ്രിഡ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനാകൂ. കൂടുതല്‍ പേര്‍ക്കും വേണ്ട സിംഗിള്‍ ഫേസ് കണക്ഷനുകളുടെ മീറ്ററാണ് സ്റ്റോക്കില്ലാത്തതിനെത്തുടര്‍ന്നു വിതരണം മുടങ്ങിയത്.
കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സൂര്യഘര്‍ പദ്ധതിയിലേക്ക് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 2,52,216 പേരാണ്. ഇതില്‍ 92,052 പ്ലാന്റുകള്‍ക്ക് (424 മെഗാവാട്ട്) അപേക്ഷ ലഭിച്ചു. 3011.72 കോടി സബ്‌സിഡി ഇനത്തില്‍ നല്‍കിക്കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം.

There is no ads to display, Please add some