തൃശൂർ: മുഴം കണക്കിന് മുല്ലപ്പൂ വിറ്റാൽ 2000 രൂപ പിഴ ഈടാക്കും. തൃശൂർ നഗരത്തിൽ മുല്ലപ്പൂ മുഴം കണക്കാക്കി വിറ്റതിന് പിഴ ഈടാക്കി ലീഗൽ മെട്രോളജി വിഭാഗം.
തൃശൂർ മാത്രമല്ല, കേരളത്തില്‍ പലയിടത്തും ഇനി പൂ കച്ചവടം ഇങ്ങനെയായിരിക്കും. മൂല്ലപ്പൂമാല സെന്റീമീറ്റർ, മീറ്റർ എന്നിവയിലാണ് അളക്കേണ്ടതെന്നാണ് നിയമം വ്യക്തമാക്കുന്നത്. പൂവാണെങ്കിൽ ഗ്രാമിലും കിലോഗ്രാമിലും അളക്കാം. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴമായി കണക്കാക്കിയിരുന്നത്.
അതായത് കൈയുടെ നീളം കൂടുന്നത് അനുസരിച്ച് പൂമാലയുടെ അളവും മാറും. ഇതോടെ സ്കെയില്‍ വച്ച് അളക്കാനാണ് നിര്‍ദേശം. 44.5 സെന്‍റീമീറ്ററാണ് ഒരു മുഴം പൂ ചോദിച്ചാല്‍ കൊടുക്കേണ്ടത് എന്നാണ് ലീഗല്‍ മെട്രോളജി വിഭാഗം നിര്‍ദേശിച്ചിട്ടുള്ളത്.
മുഴത്തിൽ പൂ വിറ്റാല്‍ ലീഗല്‍ മെട്രോളജി ആക്ടില്‍ പറയുന്ന 11 1 ഇ പ്രകാരവും അതിന്‍റെ പീനല്‍ പ്രൊവിഷനായ 29 പ്രകാരവും 2000 രൂപയാണ് പിഴ ഈടാക്കുകയെന്ന് ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. തൃശൂർ സ്വദേശി വെങ്കിടാചലം നൽകിയ പരാതിയിലാണ് ലീഗൽ മെട്രോളജി നടപടി സ്വീകരിച്ചത്.
There is no ads to display, Please add some