കാഞ്ഞിരപ്പള്ളി: റോഡിന്റെ ശോചനീയാവസ്ഥയിൽ സഹികെട്ട് പൂതക്കുഴി പട്ടിമറ്റം റോഡ് ഉപരോധിച്ച് നാട്ടുകാർ. വൈകിട്ട് 7 മണിയോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് എത്താതെ പ്രതിഷേധം നിർത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.

വാഹനങ്ങൾ തടഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ പ്രളയകാലത്താണ് റോഡ് പൂർണ്ണമായും തകർന്നത്. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നതല്ലാതെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് യാതൊരു പരിഹാരവുമായില്ല. ജീവൻ പണയം വെച്ചാണ് ആളുകൾ വാഹനവുമായി ഇതുവഴി കടന്നുപോയിക്കൊണ്ടിരുന്നത്. റോഡിൽ ചെളി നിറഞ്ഞ് നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു.
അതേസമയം റോഡ് പുനർനിർമാണത്തിനുള്ള ഇ ടെൻഡർ ആയതായി ജനപ്രതിനിധികൾ അറിയിച്ചു. ഏഴു ദിവസത്തിനുള്ളിൽ കേരളത്തിൽ ലൈസൻസ് ഉള്ള ആർക്കുവേണമെങ്കിലും ഓൺലൈനായി ടെൻഡർ ഏറ്റെടുക്കാമെന്നും, അതിനു ശേഷമേ പണി പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളൂവെന്നും ജനപ്രതിനിധികൾ പറഞ്ഞു .
There is no ads to display, Please add some