ചെറുപ്പത്തിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങൾ തുടർച്ചയായി മാറുന്നതും മധ്യവയസ്സിൽ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്ന് പഠനം. 30 വർഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉൾപ്പെടുത്തി എൻവൈയു സിൽവർ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ ഗവേഷകരാണ് പഠനം നടത്തിയത്.
രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്നതും ജോലി സമയം തുടർച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. പഠനത്തിൽ പങ്കെടുത്തവരിൽ നാലിലൊന്ന് പേർക്ക് മാത്രമായിരുന്നു പകൽ സമയം ജോലിയുണ്ടായിരുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച് കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്‌നങ്ങൾ കൂടുതൽ നേരിടുന്നതെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ എൻവൈയു സിൽവർ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ പ്രഫസർ വെൻജുയി ഹാൻ പറയുന്നു.
ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്ക്കാനുള്ള വിഭവങ്ങൾ ലഭ്യമാക്കി ഈ സാഹചര്യത്തെ മറികടക്കാൻ കഴിയണമെന്ന് പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
There is no ads to display, Please add some