തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടില്ലെന്നും, സിബിഐക്ക് ഈ വസ്ത്രങ്ങൾ ലഭിച്ചിട്ടില്ലെന്നും സിബിഐ സിജെഎം കോടതിയെ അറിയിച്ചു. രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് തടസവാദം ഉന്നയിച്ചതോടെയാണു കോടതി സിബിഐയോടു വിശദീകരണം തേടിയത്. കേസ് തുടർവാദങ്ങൾക്കായി ഈ മാസം 24ലേക്കു മാറ്റി.

ജെസ്നയുടെ വീട്ടിൽനിന്നു രക്തംപുരണ്ട വസ്ത്രങ്ങൾ എടുത്തിരുന്നെങ്കിൽ അതു പൊലീസ് റെക്കോർഡുകളിൽ ഉണ്ടാകേണ്ടതായിരുന്നെന്നു സിബിഐ ഉദ്യോഗസ്ഥൻ നിപുൺ ശങ്കർ കോടതിയെ അറിയിച്ചു. അത്തരം രേഖ കണ്ടെത്താനായിട്ടില്ല. ജെസ്ന ഗർഭിണിയല്ലെന്നു പരിശോധനയിൽ വ്യക്തമായിരുന്നു. രക്തസ്രാവം ഉണ്ടായപ്പോൾ ജെസ്ന ചികിൽസ തേടിയ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ആർത്തവവുമായി ബന്ധപ്പെട്ടാണു രക്തസ്രാവം ഉണ്ടായത്. രക്തപുരണ്ട വസ്ത്രം കഴുകിയതായി ജെസ്നയുടെ സഹോദരിയുടെ മൊഴിയുണ്ട്. ജെസ്ന മരിച്ചതിനു തെളിവു കണ്ടെത്താനായിട്ടില്ലെന്നും സിബിഐ അറിയിച്ചു.

ജെസ്ന വീട്ടിൽനിന്നു പോകുന്നതിനു മുൻപ് അമിത രക്തസ്രാവം ഉണ്ടായിരുന്നതായും ജെസ്ന തിരോധാനക്കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് രക്തംപുരണ്ട വസ്ത്രം ശേഖരിച്ചിരുന്നതായുമാണ് പിതാവിന്റെ ഹർജിയിൽ പറയുന്നത്. രക്തം പരിശോധിച്ചാൽ ആർത്തവ രക്തമാണോ അല്ലയോ എന്നു വ്യക്തമാകും. ജെസ്ന ജീവനോടെയില്ലെന്നാണു കുടുംബത്തിന്റെ അന്വേഷണത്തിൽ വ്യക്തമായതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് ഡിവൈഎസ്പി ചന്ദ്രശേഖരപിള്ളയാണെന്നും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനിൽനിന്നാണു സിബിഐ പ്രാഥമിക വിവരങ്ങൾ തേടേണ്ടിയിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം മാത്രമാണു ചന്ദ്രശേഖരപിള്ള നടത്തിയതെന്നും മുഴുനീള അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരോടു വിശദമായ വിവരങ്ങൾ തേടിയിരുന്നതെന്നും സിബിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്വേഷണത്തിൽ വീഴ്ചവന്നിട്ടില്ലെന്നും സിബിഐ പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed