പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ റോഡിൽ കുത്തി വീഴ്ത്തി സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചത് കൃത്യമായ ആസൂത്രണത്തിന് ഒടുവിലെന്ന് പൊലീസ്. കൊല്ലപ്പെട്ട പ്രവിയയെ പ്രണയം നിരസിച്ചതിന്റെ പേരിൽ പ്രതി സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. സന്തോഷിന്റെ സ്‌ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് പട്ടാമ്പിയിലെ സ്വകാര്യ ആശുപ്രതിയിൽ ജീവനക്കാരിയായതിന് പിന്നാലെ പ്രവിയയെ അപായപ്പെടുത്തുക ലക്ഷ്യമാക്കി സന്തോഷ് പലതവണ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നിരുന്നു. നിശ്ചയിച്ച വിവാഹത്തിൽനിന്നു പിന്തിരിയണമെന്ന് പ്രവിയയോട് സന്തോഷ് ആവശ്യപ്പെട്ടിരുന്നു.

പ്രതിശ്രുത വരനെ വിഷുദിനത്തിൽ കാണാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഏറെ നേരെ കാത്തിരുന്നിട്ടും പ്രവിയയെ കാണാത്തതിനാൽ വരനായ യുവാവ്, സാധാരണ പ്രവിയ വരാൻ സാധ്യതയുടെ വഴിയിൽ യാത ചെയ്തു. ഈ സമയത്ത് സന്തോഷ് തിടുക്കത്തിൽ പോകുന്നത് കണ്ടതായി യുവാവ് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും തമ്മിൽ സൗഹൃദത്തിനൊപ്പം കൂടിയ അളവിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഇരുവരുടെയും ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു.

പ്രവിയയുടെ അടിവയറിന് താഴെയും നെഞ്ചിലുമാണ് ആഴത്തിൽ കുത്തേറ്റത്. കഴുത്തിൽ കത്തി കൊണ്ട് വരഞ്ഞ പാടുകളും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. പ്രവിയയെ കൊലപ്പെടുത്തി അര മണിക്കൂറിനുള്ളിൽ സന്തോഷ്, സഹോദരൻ്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്നലെ രാവിലെയാണ് പട്ടാമ്പി കൊടുമുണ്ടയിലാണ് പ്രവിയയെ സുഹൃത്ത് സന്തോഷ് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തിക്കൊന്നത്. കുത്താൻ ഉപയോഗിച്ച് കത്തിയുടെ ഉറ, തീ കൊളുത്തിയ ലൈറ്റർ എന്നിവ സമീപത്തുണ്ട്. പ്രവിയയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ സന്തോഷ് തന്നെ വിളിച്ചറിയിച്ചെന്നാണ് വിവരം. ഇതിന് ശേഷം ബന്ധുവീട്ടിൽ അത്മഹ്യാശ്രമം നടത്തിയ സന്തോഷിനെ എടപ്പാളിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ മാസം 29നാണ് പ്രവിയയുടെ വിവാഹം നിശ്ചിയിച്ചിരുന്നത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ആറു മാസം മുൻപ് വരെ പ്രവിയ സന്തോഷിന്റെ കടയിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ പ്രവിയ്ക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സന്തോഷ്. രണ്ടു മക്കളുണ്ട്. ആദ്യ വിവാഹത്തിൽ പ്രവിയയ്ക്ക് 12 വയസ്സുള്ള കുട്ടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *