തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കലാക്രമണം. ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിലാണ് കടലാക്രമണം.

തിരുവനന്തപുരത്ത് പുല്ലുവിള, അടിമലത്തുറ, പുതിയതുറ, പൂന്തുറ, തൂമ്പ എന്നിവിടങ്ങളിലെല്ലാം കടല്‍ കയറി. ശക്തമായ തിരമാലകളും കാറ്റും ഇവിടങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. കൊല്ലംകോട് നിന്നും നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറിയിട്ടുമുണ്ട്. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.

ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞ വഴി, ചേര്‍ത്തല, പള്ളിത്തോട് ഭാഗങ്ങളിലാണ് കടലാക്രമണം അനുഭവപ്പെടുന്നത്. പുറക്കാട് രാവിലെ കടല്‍ ഉല്‍വലിഞ്ഞിരുന്നു. ഇവിടെ ചെളിയടിഞ്ഞ അവസ്ഥയായിരുന്നു.

തൃശൂരില്‍ പെരിഞ്ഞനത്താണ് കടലേറ്റം. തിരകൾ ശക്തമായി കരയിലേക്ക് അടിച്ചുകയറി. വെള്ളവും മണ്ണും അടിച്ചു കയറി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.

കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം. ഇവിടെയും ശക്തമായ തിരമാലകളും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഇത്രയധികം മേഖലകളില്‍ കടലാക്രമണം അനുഭവപ്പെട്ടതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റേതാണ് മുന്നറിയിപ്പ്. ഇനിയും ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *