കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കും ആനിരാജക്കും വയനാട്ടില്‍ ടൂറിസ്റ്റ് വിസയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി വരുന്നു, രണ്ട് പൊറോട്ട കഴിക്കുന്നു, വീഡിയോ ഇടുന്നു തിരിച്ചുപോകുന്നു. രാഹുല്‍ വന്നതിനേക്കാള്‍ കൂടുതല്‍ ആനകള്‍ വന്നു എന്നാണ് നാട്ടുകാര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ഇന്ത്യയില്‍ തന്നെ രാഷ്ട്രീയത്തിന്റെ പേരില്‍ കൂടുതല്‍ കേസുള്ള വ്യക്തിയാണ് താനെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊടകരക്കേസില്‍ താന്‍ പ്രതിയല്ല. പിന്നെ എന്തിനാണ് അതിന്റെ പേരില്‍ തന്നെ വലിച്ചിഴയക്കുന്നത്. തന്റെ പേരില്‍ 376 കേസുകള്‍ ഉണ്ട്. അതിന്റെ വിവരങ്ങള്‍ നാമനിര്‍ദേശപത്രിക നല്‍കുന്നതിന് മുന്‍പായി പത്രദൃശ്യമാധ്യമങ്ങളില്‍ നല്‍കും. കഠിനാദ്ധ്വാനം ചെയ്തിട്ടാണ് ബിജെപിക്ക് ജനങ്ങളുടെ ഇടയില്‍ സ്ഥാനം കിട്ടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പരിഗണിച്ച് അച്ചടക്കമുള്ള പ്രവര്‍ത്തകനെന്ന നിലയിലാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണിത്. ഞാന്‍ പൂര്‍ണ സന്തോഷത്തോടെ അത് ഏറ്റെടുക്കുകയാണ്.

കഴിഞ്ഞ തവണ അമേഠിയിലെ ജനങ്ങള്‍ എന്താണോ ചെയ്തത് ഇത്തവണ വയനാട്ടിലെ ജനങ്ങള്‍ അത് ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ വികസനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ഉജ്വല പോരാട്ടം കാഴ്ചവെക്കാന്‍ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരോട് നന്ദി അറിയിക്കുന്നതായും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed